HIGH SCHOOL EXAM TIME CHANGE AFTER NOON

ഹൈസ്‌ക്കൂള്‍ പരീക്ഷ ഉച്ചയ്ക്ക് ശേഷമാക്കാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശം
മാര്‍ച്ച് 24 മുതല്‍ 30 വരെയുള്ള സ്‌കൂള്‍ തല പരീക്ഷകള്‍ ഹയര്‍ സെക്കന്ററി പരീക്ഷാ നടത്തിപ്പിന് സഹായകമായ തരത്തില്‍ ഉച്ചയ്ക്ക് ശേഷമാക്കി ക്രമീകരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എസ്.എസ്.എല്‍.സി പരീക്ഷ കഴിയുന്നതോടെ ഹൈസ്‌ക്കൂള്‍ തല പരീക്ഷകള്‍ രാവിലെ നടത്താനുള്ള തീരുമാനം 30 - ന് വരെ നീളുന്ന പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളെ ബാധിക്കുമെന്ന പരാതിയെ തുടര്‍ന്നാണ് ഈ നടപടി. ഹൈസ്‌ക്കൂള്‍ പരീക്ഷകള്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്കൊപ്പം രാവിലെ നടന്നാല്‍ ഹയര്‍ സെക്കന്ററി പരീക്ഷയുടെ ഇന്‍വിജിലേഷന്‍ ജോലിക്ക് മതിയായ തോതില്‍ അദ്ധ്യാപകരില്ലാത്ത സ്ഥിതി ഉണ്ടാകും. പ്ലസ് വണ്‍ പരീക്ഷ എഴുതുന്ന ഭിന്നശേഷിയുള്ള ഏഴായിരത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ക്ക് സഹായികളായി നിശ്ചയിച്ചിരിക്കുന്നത് 9-ാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ്. ഇതേ സമയം തന്നെ 9-ാം ക്ലാസ് പരീക്ഷ നടന്നാല്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പരീക്ഷ എഴുതിക്കൊടുക്കാന്‍ കുട്ടികളെ കിട്ടാത്ത സ്ഥിതിയുണ്ടാകും. ഈ ഘടകങ്ങള്‍ കണക്കിലെടുത്താണ് പരീക്ഷാ സമയം ക്രമീകരിക്കാന്‍ മന്ത്രി അബ്ദുറബ്ബ് ഡി.പി.ഐ.യ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പി.എന്‍.എക്‌സ്.1206/2015