ഇതര സംസ്ഥാന കുട്ടികളുടെ വിദ്യാഭ്യാസവും സര്‍ക്കാരിന്റെ ബാധ്യത: മന്ത്രി അബ്ദുറബ്ബ്
-Chandrika daily desk
Posted On: 9/1/2015 11:37:18 PM
പെരുമ്പാവൂര്‍: ഇതര സംസ്ഥാന കുട്ടികള്‍ക്കും വിദ്യാഭ്യാസം നിര്‍ബന്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. ഇതര സംസ്ഥാന പഠിതാക്കളുടെ സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം 'സ്‌കൂള്‍ ചലേ ഹം' പെരുമ്പാവൂര്‍ കണ്ടന്തറ ഗവ. യു.പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ജീവിക്കുന്ന 25 ലക്ഷത്തോളം ഇതര സംസ്ഥാനത്തെ തൊഴിലാളികളുടെ മക്കള്‍ക്ക് കേരളത്തില്‍ വിദ്യാഭ്യാസം ഒരുക്കുന്നതാണ് 'സ്‌കൂള്‍ ചലേ ഹം' പരിപാടി.
ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ അവര്‍ നാടുകളിലേക്ക് തിരിച്ച് പോയാലും വിദ്യാഭ്യാസം തുടരാനുള്ള സാഹചര്യം കൂടുതലാകുമെന്നും മന്ത്രി പറഞ്ഞു. സമ്പൂര്‍ണ ഇ-സാക്ഷരതയിലേക്ക് വിദ്യാഭ്യാസ വകുപ്പ് മാറിയിരിക്കുകയാണ്.
പുതിയ തലമുറ വിദ്യാഭ്യാസമില്ലാതെ വളരുന്ന സാഹചര്യമല്ല ഇന്നുള്ളത്. മുന്‍പ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മടിച്ചിരുന്നെങ്കില്‍ ഇന്ന് സ്ഥിതിമാറി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനത്തിനായി റെക്കമെന്റ് ചെയ്യേണ്ട അവസ്ഥയാണുള്ളത്. പണ്ട് പഠിക്കാന്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികളും സമരം ചെയ്യാന്‍ മറ്റൊരു വിഭാഗം വിദ്യാര്‍ത്ഥികളും എന്ന സ്ഥിതിയായിരുന്നു. ഇന്ന് സമരം ചെയ്യാന്‍ കുട്ടികളില്ല. ഇതിന് കാരണം ചെറിയ കുട്ടികള്‍ പോലും ഭാവിയെ കുറിച്ച് ചിന്തിച്ച് തുടങ്ങിയതാണെന്നും മന്ത്രി അബ്ദുറബ്ബ് പറഞ്ഞു.മലയാളത്തില്‍ അ എന്ന അക്ഷരം സ്ലേറ്റില്‍ കുറിച്ചാണ് മന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തത്. യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. കലാലയ അന്തരീക്ഷം എപ്പോഴും ശാന്തവും സൗഹാര്‍ദ്ദപരവുമാകണമെന്നും ദുഷ്പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സംഘര്‍ഷങ്ങള്‍ കൊണ്ടും അത് നശിപ്പിക്കരുതെന്നും തങ്കച്ചന്‍ പറഞ്ഞു.
ചടങ്ങില്‍ സാജു പോള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇതിന് മുന്നോടിയായി രാവിലെ ഒമ്പതിന് നടന്ന ഘോഷയാത്ര ജില്ലാ പ്രൊജക്ട് ഓഫീസര്‍ കുഞ്ഞുമുഹമ്മദ് പുലവത്ത് ഫഌഗ് ഓഫ് ചെയ്തു. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ അബ്ദുല്ല വാവൂര്‍ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.